ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായി ഹാരിസ് കൗണ്ടിയില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവിലുണ്ടായിരുന്ന യെല്ലോ അലര്‍ട്ടില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന ലവലില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ജൂലായ് 22 വ്യാഴാഴ്ച മീഡിയാ ബ്രീഫിംഗിലൂടെ അറിയിച്ചു.
നിയന്ത്രണാതീതമായി കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലവല്‍ 2 ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും ജഡ്ജി കൂട്ടിചേര്‍ത്തു.വാക്സിനേറ്റ് ചെയ്യാത്തവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറക്കണമെന്നും, ഒത്തുചേരല്‍ ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോള്‍ പബ്ലിക്ക് ഹെല്‍ത്ത് ഗൈഡന്‍സ് പാലിക്കണമെന്നും ജഡ്ജി പറഞ്ഞു.
വാക്സിനേഷന് കുറഞ്ഞതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാപനത്തിന് കാരണമെന്നും ജഡ്ജി കുറ്റപ്പെടുത്തി.
കഴിഞ്ഞ ചില ആഴ്ചകളായി ഡല്‍റ്റാ വേരിയന്റിന്റെ അതിശക്തമായ വ്യാപനം കൗണ്ടിയില്‍ ഉണ്ടാകുന്നതായും ഇവര്‍ പറയുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടുമൂന്ന് ആഴ്ചയായി ഇരട്ടിച്ചിരിക്കുന്നു. വാക്സിനേറ്റ് ചെയ്യാത്തവരുടെ സുരക്ഷിതത്വത്തിന് വേണ്ടി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. 2.1 മില്യണ്‍ ഹാരിസ് കൗണ്ടി ജനങ്ങളില്‍ 44.1 ശതമാനം പൂര്‍ണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവര്‍ എത്രയും വേഗം വാക്സിനേഷന് സ്വീകരിക്കണമെന്നും ഹിഡല്‍ഗ അഭ്യര്‍ത്ഥിച്ചു.