
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.
കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.


