കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിലെ ഐക്യമാണ് പ്രധാനം. അഭിപ്രായങ്ങൾ പല തരത്തിൽ ഉണ്ടാകും. അത് പാർട്ടി വേദിയിൽ പറയണം. യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ജോഡോ യാത്രയുടെ സമാപനത്തിൽ സി.പി.എം പങ്കെടുക്കണം. ദേശീയ താത്പര്യം സംരക്ഷിക്കപ്പെടണമെങ്കിൽ സി.പി.എം പങ്കെടുക്കുക തന്നെ വേണം. ഇക്കാര്യത്തിൽ സി.പി.എം സി.പി.ഐക്ക് മാതൃകയാകണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് വിട്ട കെ.വി തോമസിന് സി.പി.എം ഇപ്പോഴെങ്കിലും പദവി നൽകിയതിൽ സന്തോഷമുണ്ട്. മോദി നേതാക്കളെ സ്ഥാനങ്ങൾ നൽകി ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ് ഉപയോഗിക്കുന്നത് ഇത് തന്നെയാണ് പിണറായി കേരളത്തിലും പയറ്റുന്നത്. കെ വി തോമസിനൊപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.