
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്ജി കമ്മാൻഡോ സുരേന്ദർ സിങ്. മുംബൈ ഭീകരാക്രമണത്തിൻ്റെ 17ാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എൻഎസ്ജി കമ്മാൻഡോ സംഘത്തിലെ അംഗമായ അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
മൂന്ന് ദിവസത്തോളം നീണ്ട അനിശ്ചിതത്വം നിറഞ്ഞ പോർമുഖത്തേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ചത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്കർ-ഇ-ത്വയ്ബയുടെ പത്ത് ഭീകരരാണ് 2008 നവംബർ 26 ന് രാത്രി മുംബൈയെ നടുക്കിയത്. ഒരേസമയത്തായിരുന്നുആക്രമണം. എലൈറ്റ് എൻഎസ്ജി കമ്മാൻഡോകൾ രംഗത്തിറങ്ങി ഒൻപത് ഭീകരരെ വധിക്കുകയും അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തത് അദ്ദേഹം ഓർത്തു. 2012 നവംബർ 21-ന് പൂനെയിലെ യെർവാഡ ജയിലിൽ വച്ചാണ് അജ്മൽ കസബിനെ തൂക്കിലേറ്റിയത്
ആ ഓർമ്മകൾ ഒരിക്കലും മായാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ആ രക്തസാക്ഷികളെയെല്ലാം ഞാൻ സല്യൂട്ട് ചെയ്യുന്നു. പതിനേഴ് വർഷമായെങ്കിലും 26/11 ഓർക്കുമ്പോൾ എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോകും. നിറയെ മൃതദേഹങ്ങൾ, കൊച്ചുകുട്ടികൾ, സ്ത്രീകൾ, ധീരസൈനികർ, എല്ലാവരെയും ഞാൻ ആദരവോടെ ഓർക്കുന്നു. എങ്കകിലും ആ ആക്രമണത്തിൽ നമ്മൾ എന്താണ് നേടിയതെന്ന ചോദ്യം ബാക്കിയാണ്. കസബിനെ തൂക്കിലേറ്റി തീർക്കേണ്ടതായിരുന്നില്ല അത്. അന്ന് പാകിസ്ഥാന് തിരിച്ചടി നൽകുന്നതിൽ അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ല.
അന്നത്തെ സർക്കാരും ഇന്നത്തെ സർക്കാരും തമ്മിൽ വ്യത്യാസമുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ വഴി രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് ഇന്നത്തെ സർക്കാർ ശക്തമായ മറുപടി നൽകി. അക്കാലത്തും പാകിസ്ഥാനെ രാജ്യം ആക്രമിക്കുമെന്നാണ് ആഗ്രിച്ചത്. പാകിസ്ഥാന് ഇന്ത്യ മറുപടി നൽകണമെന്ന് ആ ക്രൂരൃത്യം കണ്ട ലോകരാഷ്ട്രങ്ങളെല്ലാം ആഗ്രഹിച്ചു. എന്നിട്ടും അന്നത്തെ കോൺഗ്രസ് സർക്കാർ ഒരു ശ്രമവും നടത്തിയില്ല. അവർ ആക്രമിച്ചില്ല. ശക്തമായ യാതൊരു മറുപടിയും നൽകിയില്ല. മറുപടി നൽകുമെന്ന് പറയുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് കോൺഗ്രസ് സർക്കാരിനെ ജനം വേരോടെ പിഴുതെറിഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.
മുംബൈ ഭീകരാക്രമണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതുവരെ ഉണ്ടായിരുന്ന എല്ലാ കാഴ്ചപ്പാടുകളും തിരുത്തി. ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടി. ഇന്റലിജൻസ്, റാപിഡ് റെസ്പോൺസ് പ്രോട്ടോക്കോൾ, നഗരങ്ങളിലെ ഭീകര വിരുദ്ധ നീക്കം എന്നിവയെല്ലാം പരിഷ്കരിച്ചു. 17 വർഷത്തിനിപ്പുറം സേനകൾ രാജ്യത്തിനെതിരായ വെല്ലുവിളികളോട് ശക്തമായി പ്രതികരിക്കുന്നതും ആശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടം വാക്കിലൊതുങ്ങേണ്ടതല്ലെന്ന ഓർമ്മപ്പെടുത്തലാണ് മുംബൈ ഭീകരാക്രമണമെന്ന് പറഞ്ഞുവെക്കുകയാണ് സുരേന്ദർ സിംഗിനെപ്പോലുള്ള വിമുക്തഭടന്മാർ.


