
തിരുവനന്തപുരം: ‘ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി എ, പ്രിവന്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി സി, വിഷ്ണു കെ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
കണ്ണൂർ ആനപ്പന്തിയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.612 ഗ്രാം എംഡിഎംഎയുമായി കരിക്കോട്ടക്കരി സ്വദേശികളായ പ്രണവ് പ്രഭാതൻ (22 വയസ്), അബിൻ റോയ് (22 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ഇരിട്ടി മേഖലയിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാനിയായ ഇരിട്ടി സ്വദേശി ശമിൽ കെ എസ് (36 വയസ്) എന്നയാളെ 1.289 ഗ്രാം എംഡിഎംഎയുമായി പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീബ് ലബ്ബ എൽ എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരിട്ടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി കെ കെ, പ്രിവന്റീവ് ഓഫീസർ സി എം ജെയിംസ്, കണ്ണൂർ സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സനലേഷ് ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ അനിൽകുമാർ വി കെ, ഹണി സി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്, സന്ദീപ് ജി, അഖിൽ പിജി, രാഗിൽ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ് കെ ടി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.
