തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മണിക്ക് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീൻ ചെയ്യും. പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍തിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വിസിയോട് വിശദീകരണം ചോദിച്ചെന്നും ആര് ബിന്ദു അറിയിച്ചു. വിഷയത്തില്‍ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകതരിക്കും. വർഗീയ ഉള്ളടക്കം ഉള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം വിഷയത്തില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.