രാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തി ജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രമുഖ വ്യവസായി ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി. ദുരിതക്കയത്തിൽ മുങ്ങിത്താണ പ്രവാസികളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഒരു ഫോൺ കോളിനപ്പുറമുണ്ടായിരുന്ന മനുഷ്യസ്നേഹി. ചിരിക്കുന്ന മുഖത്തോടെ ഒരു സഹോദരന്റെ വാത്സല്യത്തോടെ എന്നും ഒപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഡോ.ബി. രവിപിള്ള അനുസ്മരിച്ചു.
ചിരിച്ച മുഖവുമായല്ലാതെ അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ. ഇത്ര വലിയ പദവിയിൽ എത്തിയിട്ടും എങ്ങനെ ഒരാൾക്ക് ഇത്രയും വിനയത്തോടെയും ലളിതമായും ഇടപെടാൻ കഴിയുമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ജനകീയ അടിത്തറ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് തോന്നിയിട്ടുണ്ട്. തികഞ്ഞ മനുഷ്യത്വം ,അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അതുകൊണ്ടു തന്നെ തങ്ങളിൽ ഒരാളായാണ് ജനങ്ങളും അദ്ദേഹത്തെ കണ്ടത്.
UN അവാർഡ് സ്വീകരിക്കാനായി ബഹ്റൈനിൽ വന്നപ്പോൾ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ കാണാൻ ഒരുമിച്ചാണ് പോയത്. അവിടെ ജയിലിൽ കിടക്കുന്ന മലയാളികളെ മോചിപ്പിക്കാൻ സന്മനസ്സുണ്ടായി ഇടപെടണമെന്നാണ് ഉമ്മൻചാണ്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഉടനടി നടപടിയുമുണ്ടായി. ചിലർ കെട്ടിവയ്ക്കേണ്ട പണമെല്ലാം സർക്കാർ തന്നെ അടയ്ക്കുകയും ചെയ്തു.
ഡോ. രവിപിള്ളയുടെ സ്ഥാപനങ്ങളിൽ നിരവധി പേരെയാണ് ഉമ്മൻ ചാണ്ടിയുടെ ശുപാർശയിലൂടെ ജോലിക്കെടുത്തിട്ടുള്ളത് ഒരോ തവണ ഇടപെടുമ്പോഴും അദ്ദേഹത്തിലെ മനുഷ്യസ്നേഹവും മനുഷ്യരിലുള്ള വിശ്വാസവും വർധിക്കുന്നതായേ തോന്നിയിട്ടുള്ളൂ. രാഷ്ട്രീയ വിശുദ്ധി കാത്തു സൂക്ഷിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും, അദ്ദേഹത്തിന് പ്രാർഥനകളും അന്ത്യാഞ്ജലികളും ഡോ. രവിപിള്ള അർപ്പിച്ചു.