കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണക്കേസിൽ മനോഹരനെ മർദ്ദിച്ചത് എസ്.ഐ മാത്രമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. എസ്.ഐ മർദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. മറ്റ് പോലീസുകാർ മർദ്ദിച്ചതിന് തെളിവില്ലെന്നും സാക്ഷിമൊഴികളില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. എസ്.എച്ച്.ഒയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്.ഐ ജിമ്മി ജോസിനെതിരെ നടപടിയെടുത്തു.
പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താത്തതിന് ശനിയാഴ്ച രാത്രിയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മനോഹരൻ സ്റ്റേഷനിൽ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.