ദുബായ്: ലഹരി ഇടപാടുകൾ നടത്തിയ 1,300 വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് പോലീസ്. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സൈബർ ക്രൈം ആക്ട് പ്രകാരമാണ് നടപടി. ഓൺലൈൻ വഴിയുള്ള അനധികൃത ഇടപാടുകൾ നിരീക്ഷിക്കാൻ ഇലക്ട്രോണിക് പട്രോൾ ടീമിനെയും ദുബായ് പോലീസ് ചുമതലപ്പെടുത്തി. മുൻ വർഷങ്ങളിൽ വാട്സാപ്പ് വഴി ലഹരി ഇടപാട് നടത്തിയതിന് 100 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് അറിയിക്കാൻ 901 എന്ന നമ്പറിൽ വിളിക്കാനോ ദുബായ് പോലീസിന്റെ വെബ്സൈറ്റുമായോ സ്മാർട്ട് ആപ്പുമായോ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു. 2022 ൽ എമിറേറ്റിൽ നിന്ന് 2.5 ടണ്ണിലധികം ലഹരി മരുന്നുകളും 130 ദശലക്ഷം വേദനസംഹാരികളുമാണ് പിടിച്ചെടുത്തത്. എമിറേറ്റിന് പുറത്ത് 69 കോടി ദിർഹം വിലമതിക്കുന്ന 4.7 ടൺ ലഹരിമരുന്ന് പിടിച്ചെടുക്കുമെന്നും ദുബായ് പോലീസ് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ലഹരിമരുന്നിന് അടിമകളായ 458 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.