തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. കഴിഞ്ഞ ഓണത്തിന് ഏതാണ്ട് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്കാന് തീരുമാനിച്ചത്.
മഹാഭൂരിപക്ഷം ആളുകള്‍ക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് നല്‍കാനായിരുന്നു തീരുമാനം. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്സില്‍ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. ബോക്സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റര്‍, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. വിതരണം ഇന്നു പൂര്‍ത്തിയായേക്കും.