മഡിസണ്‍ കൗണ്ടി: ഒരു വയസ്സുകാരന് മൂന്നമണിക്കൂറിലധികം കാറിലിരുന്നതിനെ തുടര്‍ന്ന് ചൂടേറ്റ് ദാരുണാന്ത്യം. മാഡിസണ്‍ കൗണ്ടി സാനിയേല്‍സ് വില്ലയിലാണ് സംഭവം. കഴിഞ്ഞ വേനല്‍ ചൂടില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ജോര്‍ജിയായിലെ ഈ വര്‍ഷത്തെ എട്ടാമത്തെ മരണമാണിത്.
വ്യാഴാഴ്ച രാവിലെ കുട്ടിയെയും കൊണ്ടു ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു മാതാവ്. എന്നാല്‍ ഡെ കെയറില്‍ കുട്ടിയെ ഇറക്കി വിടുന്നതിന് മാതാവ് മറന്നു. നേരെ വാള്‍ഗ്രീന്‍ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയ ഇവര്‍ മൂന്നുനാലു മണിക്കൂറിനു ശേഷമാണ് തിരികെ കാറില്‍ എത്തുന്നത്. പുറത്തു ശക്തമായ ചൂടില്‍ കാറിലിരുന്നിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിലാണ് പിന്നീട് ഇവര്‍ കാണുന്നത്. ഉടനെ സഹായം അഭ്യര്‍ത്ഥിച്ചു പോലീസിനെ വിളിച്ചു. അവര്‍ എത്തി കുട്ടിയ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതൊരു അപകടമരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മാതാവിനെതിരെ കേസ്സെടുക്കണമോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂ എന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
കുട്ടിയെ ഡെ കെയറില്‍ ഇറക്കാന്‍ മറന്നതായി മാതാവ് പോലീസിനെ അറിയിച്ചു. കഠിനവേനല്‍ ആരംഭിച്ചതോടെ അടുത്തിടെ നാലിലധികം കുട്ടികളാണ് വ്യത്യസ്ഥ സ്ഥലങ്ങളില്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചത്. ഈ മരണങ്ങളില്‍ ദുരൂഹതയൊന്നും ഇല്ലെങ്കിലും, മുതിര്‍ന്നവരുടെ അശ്രദ്ധയാണ് ഇതിനുകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറുകെ സീറ്റില്‍ കുട്ടികള്‍ ആരും ഇല്ലാ എന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ സ്ക്കൂളുകളിലോ, ഡെകെയറിലോ എത്തിയില്ലെങ്കില്‍ ഉടന്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കണം. ഡ്രൈവേയില്‍ കാര്‍ എപ്പോഴും ലോക്ക് ചെയ്തിടണം. തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് നല്‍കിയിട്ടുണ്ട്.
