ഭോപ്പാല്‍: ലോക്ഡൗൺ വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് തടവും പിഴ ശിക്ഷയും വിധിച്ച് സെഹോര്‍ വിചാരണ കോടതി. ആറ് വിദേശികളെയും ഇവരെ അനുഗമിച്ച രണ്ട് പേരെയുമാണ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചത്.
മ്യാന്മാറില് നിന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഖിന് മവുങ് സാവ്, ത്നിന് താരി ഖിന് മൗങ്, സാവൂ, യെ ലിന് ഫിയോ, തീന് ലിനി, മെയോ, ഝാര്‍ഖണ്ഡ് സ്വദേശിയായ മഷൂര്‍ റഹ്മാന്ബീഹാര് സ്വദേശിയായ അഹ്മദ് ഹുസൈന് എന്നവരെയാണ് കോടതി ശിക്ഷിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ എട്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. 16,000 രൂപ പിഴയായി കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഡല്‍ഹിയില്‍ നിന്നും സമ്മേളനം കഴിഞ്ഞെത്തിയ ഇവര്‍ ഭോപ്പാലില്‍ എത്തുകയും പ്രദേശത്തെ വിവിധ പള്ളികളില്‍ താമസിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. സമ്മേളനത്തിന് ശേഷം ഫെബ്രുവരി 26 ന് സെഹോറില്‍ എത്തിയ ഇവര്‍ പുക്ത മസ്ജിദില്‍ സന്ദര്‍ശിക്കുകയും മതപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതെല്ലാം വിസചട്ടങ്ങളുടെ ലംഘനമാണ്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇവരോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് ലംഘിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കോടതി വ്യക്തമാക്കി.