പട്ന: കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നീക്കത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍. ”ശരിയായ ഉദ്ദേശ്യത്തോടെ, 4-5 വര്‍ഷത്തെ പരിവര്‍ത്തന ഘട്ടം കൂടി ഉള്‍പ്പെടുത്തി ചെയ്തതെങ്കില്‍, ഇത് രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതാവും,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1967 വരെ 18 വര്‍ഷക്കാലം രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടന്നിരുന്നെന്ന് കിഷോര്‍ ചൂണ്ടിക്കാട്ടി.
ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിന് അനുകൂലമായ കാരണങ്ങളും അദ്ദേഹം ഉദ്ധരിച്ചു.”ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്, രാജ്യത്തിന്റെ 25% ഓരോ വര്‍ഷവും വോട്ടുചെയ്യുന്നു. അതിനാല്‍, സര്‍ക്കാര്‍ ഭരിക്കുന്ന ആളുകള്‍ എപ്പോഴും തെരഞ്ഞെടുപ്പുകളുടെ തിരക്കിലാണ്. ഇത് 1-2 തവണത്തേക്ക് പരിമിതപ്പെടുത്തിയാല്‍, അത് നന്നായിരിക്കും. ഇത് ചെലവ് കുറയ്ക്കും,” അദ്ദേഹം പറഞ്ഞു.
ഒറ്റരാത്രികൊണ്ട് പരിവര്‍ത്തനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും കിഷോര്‍ ചൂണ്ടിക്കാട്ടി. ജന്‍ സുരാജ് അഭിയാന് എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ച് ബിഹാറില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കിഷോര്‍. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാരിന്റെ ആശയത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതിനിടെയാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നീക്കത്തെ കിഷോര്‍ പിന്തുണച്ചിരിക്കുന്നത്.