തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകൾ ഉടൻ തന്നെ ആരംഭിക്കണമെന്നും സമിതി നിർദേശിച്ചു.
ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. മാസ്ക് നിർബന്ധമാക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മൂന്നാം ഡോസ് വാക്സിൻ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസർക്കാർ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളിൽ വിഷയം ചർച്ച ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു. സാംപിളുകളുടെ എണ്ണത്തിൽ വര്‍ദ്ധനയുണ്ടാകണമെന്നും വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു. ഡല്‍ഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേയ്ക്ക് അയച്ചാണ് പരിശോധിക്കുന്നത്.