
മനാമ: ബഹ്റൈനില്‍ ആശുറ ആഘോഷവേളയില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓംബുഡ്സ്മാന്റെ ജനറല്‍ സെക്രട്ടറിയേറ്റില്നിന്നുള്ള ഒരു സംഘം ജോ ജയില്‍ (നവീകരണ, പുനരധിവാസ കേന്ദ്രം) സന്ദര്‍ശിച്ചു.
സന്ദര്‍ശനവേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം തടവുകാരുമായി സംഘം സംസാരിച്ചു. ആശുറയുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാവുന്ന സാഹചര്യമുണ്ടെന്ന് തടവുകാര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. ജയിലിലെ വിവിധ കെട്ടിടങ്ങളുടെയും ഹാളുകളുടെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ സുഗമമാക്കാന്‍ ജയില്‍ അധികൃതര്‍ തയാറാക്കിയ രേഖകളും പദ്ധതികളും സംഘം അവലോകനം ചെയ്തു. സുരക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെ മതാചരണത്തിന് സുഗമവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ജയിലധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി.
