മനാമ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് 545 തടവുകാര്‍ക്ക് മാപ്പ് നല്കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ ഓംബുഡ്സ് ഓഫീസും തടവുകാരുടെ അവകാശ കമ്മീഷനും (പ്രിസണേഴ്സ് ആന്റ് ഡിറ്റെയ്നീസ് റൈറ്റ്സ് കമ്മീഷന്- പി.ഡി.ആര്.സി) സ്വാഗതം ചെയ്തു.
മനുഷ്യാവകാശങ്ങളുടെ പദവി ഉയര്‍ത്തുന്ന ഉത്തരവാണിതെന്ന് പി.ഡി.ആര്.സിയുടെ ഓംബുഡ്സ് വുമണും ചെയര്‍പേഴ്സണുമായ ഗദാ ഹമീദ് ഹബീബ് പറഞ്ഞു. തടവുകാരുടെ അവസ്ഥ മെച്ചപ്പെടുത്തുക, ബദല്‍ ശിക്ഷാവിധി വിപുലീകരിക്കുക, തുറന്ന ജയില്‍ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കിയ ആഭ്യന്തര മന്ത്രാലയത്തെ അവര്‍ അഭിനന്ദിച്ചു.
മന്ത്രാലയത്തിന്റെ പങ്ക് ജുഡീഷ്യറിയുടെയും സ്വതന്ത്ര മനുഷ്യാവകാശ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ പൂര്‍ത്തീകരിക്കുന്നതാണ്. ഈ ഉത്തരവിന് നല്ല ഫലങ്ങളുണ്ടാകും, പ്രത്യേകിച്ച് ബഹ്റൈനില്‍ മനുഷ്യാവകാശ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍. ഇത്തരം നടപടികള്‍ സഹിഷ്ണുതയ്ക്കും സാമൂഹിക ഐക്യത്തിനും വേണ്ടി യത്നിക്കുന്നതിലും മനുഷ്യവിഭവശേഷിയുടെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഒരു മുന്‍നിര മാതൃകയാണെന്നും ഓംബുഡ്സ് വുമണ്‍ കൂട്ടിച്ചേര്‍ത്തു.