മസ്കത്ത്: ഒമാന്റെ വടക്കൻ മേഖലയിൽ മഴ തുടരുന്നു. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ഞായറാഴ്ചയും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.
അതേസമയം മുസന്ദം ഗവർണറേറ്റിലെ ഖസാബ് വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ സിവിൽ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് രക്ഷപെടുത്തി. വാദിയില്‍ അകപ്പെട്ട കാറിൽ കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഖസബിലും പരിസരത്തും പെയ്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. വാദിയിൽ ഇറങ്ങരുതെന്നും വാഹനങ്ങൾ വാദികളില്‍ ഇറക്കരുതെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, മഴ തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വാദികൾ കവിഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, നോർത്ത് ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ഒമാനിലെ മറ്റ് തീരങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.