മസ്കത്ത് : ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്രയത്നങ്ങൾക്ക് ആദരമർപ്പിച്ച് കൊണ്ട് നഴ്സിങ് ദിനം ആചരിച്ചു. എല്ലാ വർഷവും മാർച്ച് 13നാണ് ഗൾഫ് രാജ്യങ്ങൾ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,000 പേർക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിർത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികൾക്കും കമ്മ്യൂണിറ്റികൾക്കും പരിചരണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവർത്തന മേഖലയാണ് നഴ്സിങ്.
രോഗികളുടെ ജീവൻ രക്ഷിക്കാൻ വളരെയധികം വിശ്വസ്തതയും ക്ഷമയും ആവശ്യമാണെന്ന് നഴ്സ് സലേം അൽ റബാനി പറഞ്ഞു. കൊവിഡ് കാലത്ത് ദീർഘനേരം അധ്വാനിച്ചാണ് രോഗികളിൽ പലരെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ഉദ്യോഗസ്ഥരുടെയും മാനേജർമാരുടെയും സഹായവും സാമൂഹിക പിന്തുണയും കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ജോലിഭാരത്തിന്റെ പ്രതികൂല ഫലങ്ങൾ കൈകാര്യം ചെയ്യാനും തങ്ങളെ പ്രാപ്തരാക്കി. പകർച്ചവ്യാധി സമയത്ത് തങ്ങൾ സഹിച്ച ഭാരത്തിന്റെ വ്യാപ്തിയെക്കുറിച്ച് സമൂഹത്തിൽ ധാരണ വളർന്നുവെന്നാണ് കരുതുന്നതെന്നും അൽ റബാനി കൂട്ടിച്ചേർത്തു.