മസ്കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 14 പ്രവാസികള്‍ പിടിയിലായി. അൽ-വുസ്ത ഗവർണറേറ്റിൽ ദുഃഖമിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നാണ് സംഘത്തെ അധികൃതര്‍ പിടികൂടിയത്. അൽ – വുസ്ത ഗവർണറേറ്റിലെ മത്സ്യ സംരക്ഷണ നിയന്ത്രണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോട്ടുകൾ ഉൾപ്പെടെ പതിനാലു പേരെയും കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള തരത്തിലുള്ള മത്സ്യബന്ധന വലകളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകർക്കെതിരെ തുടര്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ കാർഷിക – മത്സ്യ – ജല വിഭവ സംരംഭ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
