മസ്കത്ത്: ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന് നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.
അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിനുകൾ പുരോഗമിച്ചു വരുന്നുവെന്നും കമ്മറ്റി വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം 30,71,161 പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് ലഭിച്ചു കഴിഞ്ഞു. രണ്ട് കുത്തിവെപ്പുകളും പൂർത്തികരിച്ചവരുടെ എണ്ണം 26,73,961 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
3,04,241 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,99,580 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.