
കോഴിക്കോട്: കോഴിക്കോട് മേയറായി സിപിഎമ്മിന്റെ ഒ സദാശിവന് അധികാരമേറ്റു. നഗരസഭയില്‍ 35 സീറ്റുകള്‍ ഉള്ള എല്‍ഡിഎഫിന് ലഭിച്ചത് 33 വോട്ടുകളാണ്. രണ്ട് വോട്ടുകള്‍ അസാധുവായി. യുഡിഎഫിന് 27 വോട്ടുകള്‍ ലഭിച്ചു.
ആദ്യഘട്ടത്തില്‍ ഒരാള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ സദാശിവന് 35 വോട്ടും യുഡിഎഫിലെ എസ്കെ അബൂബക്കറിന് 27 വോട്ടും എന്‍ഡിഎയിലെ നമ്പിടി നാരായണന് 13 വോട്ടുകളും ലഭിച്ചു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ എല്‍ഡിഎഫിലെ രണ്ടുവോട്ടുകള്‍ അസാധുവായി. യുഡിഎഫിന് അംഗങ്ങളുടെ മുഴുവന്‍ വോട്ടും നേടാനായി.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം കിട്ടിയത് കോഴിക്കോട് മാത്രമാണ്. സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്. ഇത് മൂന്നാം തവണയാണ് സദാശിവന് കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാകുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒന്‍പതാം വാര്‍ഡ് തടമ്പാട്ടുതാഴത്തുനിന്നാണ് സദാശിവന് വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആയിരുന്നു.


