
കോഴിക്കോട്: സിപിഎം ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവനെ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഡോ. എസ് ജയശ്രീയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.
തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നാണ് ഒ സദാശിവന് ജയിച്ചത്. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്. കോട്ടൂളി ഡിവിഷനില്‍ നിന്നാണ് എസ് ജയശ്രീ വിജയിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ് എസ് ജയശ്രീ
സദാശിവനും ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി രാജീവിന്റെ പേരും മേയര്‍ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍ പദവി സ്ത്രീ സംവരണമല്ലാത്തതിനാല്‍ മുതിര്‍ന്ന പാര്‍ട്ടി അംഗത്തെ തന്നെ ചുമതല ഏല്‍പ്പിക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് സിപിഎം സദാശിവനിലേയ്ക്ക് എത്തിയത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്ന മുന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരിയെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാനാണ് ധാരണ. ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35 യുഡിഎഫ് 28 എന്‍ഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സിപി മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടര്‍ന്നാണ് പുതിയ ആളെ പാര്‍ട്ടിക്ക് കണ്ടെത്തേണ്ടിവന്നത്. മീഞ്ചന്ത വാര്‍ഡില്‍ മുസാഫറിന്റെ തോല്‍വി പാര്‍ട്ടിയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ്കെ അബൂബക്കറാണ് അട്ടിമറി വിജയം നേടിയത്. എസ്കെ അബൂബക്കര്‍ യുഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും.


