
മനാമ: നഴ്സിംഗ് തൊഴിലിന്റെ നിര്‍ണായക പങ്കിനെയും ആരോഗ്യ മേഖലയ്ക്ക് അതു നല്കുന്ന സംഭാവനകളെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബഹ്റൈന്‍ ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിച്ചു.
ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെ പ്രഖ്യാപനമനുസരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 13നാണ് ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളമുള്ള നഴ്സിംഗ് ജോലിക്കാരുടെ സമര്‍പ്പണത്തിനും സേവനത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ആഘോഷം.
ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിംഗിന് പ്രധാന പങ്കാണുള്ളതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള രോഗീപരിചരണം നല്കുന്നതില് നഴ്സിംഗ് പ്രൊഫഷണലുകളുടെ സമര്‍പ്പണം, അനുകമ്പ, സ്ഥിരോത്സാഹം എന്നിവയെ മന്ത്രാലയം അഭിനന്ദിച്ചു. രോഗികളുടെ സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത, ആരോഗ്യ സംരക്ഷണ മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ്, മെഡിക്കല്‍ ടീമുകളുമായും രോഗികളുമായും അവരുടെ കുടുംബങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ മന്ത്രാലയം ചൂണ്ടിക്കാട്ടി.
