മനാമ: ബഹ്റൈനിൽ മന്ത്രാലയത്തിന്റെ ലൈസൻസുള്ള നഴ്സറികൾ കർശനമായ മുൻകരുതലുകളോടെ ഒക്ടോബർ 25 ഞായറാഴ്ച തുറക്കും. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പുറത്തിറക്കി. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകൾക്കനുസൃതമായിട്ടുള്ള മുൻകരുതൽ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിച്ചുകൊണ്ടായിരിക്കണം മാതാപിതാക്കൾ കുട്ടികളെ ഞായറാഴ്ച മുതൽ നഴ്സറികളിൽ എത്തിക്കേണ്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നഴ്സറികളുടെ ഉടമകൾ, ഉദ്യോഗസ്ഥർ, മാതാപിതാക്കൾ എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും നഴ്സറികൾ ദിവസേന ശുചിത്വവൽക്കരിക്കണം. സ്റ്റാഫുകൾക്ക് ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ കുട്ടികൾക്ക് നിർബന്ധമില്ല. നഴ്സറികളിൽ ബുഫെ, ആഘോഷങ്ങൾ, ജന്മദിനാഘോഷങ്ങൾ എന്നിവ അനുവദിക്കുകയില്ല. കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് തന്നെ കൊണ്ടുവരണം.
നഴ്സറികളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം നഴ്സറികളിലേക്ക് സന്ദർശനങ്ങൾ നടത്തും.