
ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്എസിനും എതിരായുള്ള നീക്കം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
കന്യാസ്ത്രീകൾക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റംഗ്ദൾ ആകാമെന്നും, രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്നും, കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നിത്യസംഭവവുമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഛത്തീസ്ഗഡ് പിസിസി അദ്ധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയും പ്രധാനമന്ത്രിക്ക് കത്ത് നൽകി. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ പരാതി നൽകിയത്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
