കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍ എസ് എസ്. ഷംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷംസീറിന്റെ പ്രസ്താവന അതിരുകടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്ന് പ്രസ്താവനയില്‍ എന്‍ എസ് എസ് വ്യക്തമാക്കി. പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട് എന്നും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും എന്‍ എസ് എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിന് തന്നെ ഷംസീറിന് അര്‍ഹതയില്ലെന്നും എന്‍ എസ് എസ് പറയുന്നു. സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് വിശ്വാസികളോട് മാപ്പ് പറയണം എന്നും സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു. എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയുള്ള ഷംസീറിന്റെ പ്രസംഗമാണ് വിവാദത്തിനാധാരം. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നുമായിരുന്നു ഷംസീര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും എന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.