
തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് എസ്എന്‍ഡിപിക്കും യോജിപ്പ്. കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ്എസ് നയം വ്യക്തമാക്കിയിരുന്നു. സർക്കാരിനെ എന്‍എസ്എസിന് വിശ്വാസമെന്നും, വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം. അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം അതി രൂക്ഷ വിമർശനം ഉയര്‍ത്തി. കോൺഗ്രസിന്റേത് കള്ളക്കളിയാണ്. വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല .ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
