
തിരുവനന്തപുരം: ബദൽ അയ്യപ്പ സംഗമത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നത് പരിപാടി ഒരുക്കിയ ഹൈന്ദവ സംഘടനകൾക്ക് തിരിച്ചടിയായി. ആഗോള അയ്യപ്പ സംഗമം ആളില്ലാ സംഗമമെന്ന പഴിക്കിടെ ബദൽ പരിപാടിയോട് മുഖം തിരിച്ച എൻഎസ്എസ് നിലപാടിൽ സംസ്ഥാന സർക്കാറിന് പ്രതീക്ഷയുണ്ട് . എൻഎസ്എസ് സമീപനത്തിൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം.
യുവതീപ്രവേശന വിധി നടപ്പാക്കാനിറങ്ങിയ ഇടത് സർക്കാറിനെതിരായ വലിയ പ്രതിഷേധത്തിന് തുടക്കമായത് പന്തളത്താണ്. സർക്കാറിൻറെ ആഗോള അയ്യപ്പ സംഗമത്തിനെതിരായ ബദൽ സംഗമവും നടന്നത് പന്തളത്താണ്. പക്ഷെ അന്നും ഇന്നം വലിയൊരു വ്യത്യാസമുണ്ട്. അന്ന് നാമജപ ഘോഷയാത്രയിൽ മുൻനിരയിലുണ്ടായിരുന്ന എൻഎസ്എസ് ഇന്ന് ബദലിന് കൈകൊടുത്തില്ല. ശബരിമല കർമ്മസമിതി ക്ഷണിച്ചിട്ടും എൻഎസ്എസ് പ്രതിനിധികളെ അയച്ചില്ല. സർക്കാറിൻറെയും ബോർഡിൻറെയും സംഗമത്തിന് അതിവേഗം ഒരു ബദൽ എന്ന ആശയത്തോടാണ് എൻഎസിഎസിന് വിയോജിപ്പ്. ബദലിന് ബിജെപി മുൻകയ്യെടുത്തതിനോടും യോജിപ്പില്ലെന്നാണ് സൂചന.
യുവതീപ്രവേശന വിധിയെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായിരുന്നു പമ്പയിലെ സംഗമത്തിലേക്ക് എൻഎസ്എസിന് വഴിതുറക്കാൻ കാരണം. പമ്പയിലെ ആഗോള സംഗമത്തിൽ ആചാര ലംഘനമുണ്ടാകില്ലെന്ന സർക്കാർ ഉറപ്പിലും വിശ്വസിച്ചായിരുന്നു പങ്കാളിത്തം. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റത്തെ കോൺഗ്രസും ബിജെപിയും പരിഹസിക്കുമ്പോൾ എൻഎസ്എസ് സർക്കാറിനെ വിശ്വസിക്കുന്നുവെന്ന വാദമാകും ഇനി സിപിഎം ഉയർത്തുക. ബദലിലെ എൻഎസ്എസ് വിട്ടുനിൽക്കലിൽ കോൺഗ്രസിനുമുണ്ട് പ്രതീക്ഷ.
