മനാമ: ബഹ്റൈനിൽ സെൽഫ് സ്പോൺസേർഡ് റെസിഡൻസ് പെർമിറ്റുകൾ അപേക്ഷിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഓൺലൈൻ വഴി സാധിക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) അറിയിച്ചു. എൻപിആർഎ വെബ്സൈറ്റായ www.evisa.gov.bh -ലൂടെ റെസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാം.
വിരമിച്ച വിദേശികൾ, നിക്ഷേപകർ, ബഹ്റൈനിലെ പ്രോപ്പർട്ടി ഉടമകൾ, എന്നിവരെ ഉൾക്കൊള്ളുന്നതാണ് ഈ സേവനം. പെർമിറ്റിന്റെ സാധുത രണ്ട്, അഞ്ച്, പത്ത് വർഷങ്ങൾ എന്നിങ്ങനെ വ്യത്യാസപ്പെടുന്നു. ഇ-സേവനങ്ങൾ വിപുലീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെയും നേരിട്ട് ഹാജരാകാതെയും അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിന് വെബ്സൈറ്റിലേക്ക് സേവനങ്ങൾ ക്രമേണ കൈമാറാനുള്ള ഡയറക്ടറേറ്റിന്റെ സമീപനത്തിന്റെയും ഭാഗമായിട്ടാണ് ഓൺലൈൻ സേവനം ആരംഭിക്കുന്നത്.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ഭാഗമായി നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായാണ് എൻപിആർഎ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ആവശ്യമായ വിവരങ്ങൾ അറിയാൻ അപേക്ഷകന് വെബ്സൈറ്റ് സന്ദർശിക്കുകയോ 17399764 എന്ന നമ്പറിൽ വിളിക്കുകയോ Evisa@npra.gov.bh എന്ന ഇമെയിലിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം.