
മനാമ: നിയമവിരുദ്ധമായി ബഹ്റൈന്‍ പൗരത്വം നേടിയവരുടേത് മാത്രമല്ല, അവരുടെ ആശ്രിതത്വത്താല്‍ പൗരത്വം ലഭിച്ച കുടുംബാംഗങ്ങളുടെയും പൗരത്വം റദ്ദാക്കുമെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) ഓഫീസ് അറിയിച്ചു.
പൗരത്വം നിയമവിരുദ്ധമായി നേടിയ എല്ലാ കേസുകളും പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി 2010 മുതല്‍ പൗരത്വം അനുവദിച്ചവരുടെ കേസുകള്‍ അവലോകനം ചെയ്യുകയാണ്. ബഹ്റൈന്‍ പൗരത്വം നേടാന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നുണ്ട്. രാജ്യതാല്പര്യങ്ങളെ ഹനിക്കാന്‍ ദേശീയത ദുരുപയോഗം ചെയ്യുകയോ രാജ്യത്തോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ രാജ്യത്തിന്റെ ബഹുമാനത്തെയോ വിശ്വാസത്തെയോ ബാധിക്കുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തവര്‍ക്കെതിരെ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.
നിയമങ്ങള്‍, ബഹ്റൈന്റെ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും അതിനെയൊക്കെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്കാണ് ബഹ്റൈന്‍ പൗരത്വം ലഭിക്കുകയെന്ന് എന്‍.പി.ആര്.എ വ്യക്തമാക്കി.
