
കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ പ്രവേശിക്കുന്നതിനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് ടി എം സിയില്‍ ചേര്‍ന്നത്യ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. അപ്രതീക്ഷിതമായാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് തുടങ്ങിയവര്‍ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ പിണറായിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഈ നീക്കം പിന്നീട് മുന്നോട്ട് പോയില്ല.മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ എതിര്‍പ്പും മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമാണ് അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശത്തിന് തടസ്സമായത്. അന്‍വറിനെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ പാര്‍ട്ടി വിടുമെന്ന് പ്രമുഖ നേതാവ് നിലപാടെടുത്തുവെന്നും വിവരമുണ്ട്.അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്ക്കുമെന്നു മുസ്ലിം ലീഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അന്‍വറിനു സമയം നല്‍കിയിരുന്നില്ല. അന്‍വറിനെ പിന്തുണയ്ക്കുകയല്ല മറിച്ച് എംഎല്‍എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള വിമര്‍ശനമാണ് തങ്ങള്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പിന്നീട് സ്വീകരിച്ച നിലപാട്.
