മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലർച്ചെ 3.30ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിന് വിധേയനായ അദ്ദേഹത്തിന്റെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാജ്കുമാർ ഹിരാനിയുടെ മുന്നാഭായ് എം.ബി.ബി.എസ് എന്ന ചിത്രത്തിന്റെ എഡിറ്റിംഗിലൂടെയാണ് പ്രദീപ് സർക്കാർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2005-ൽ പരിണീത എന്ന ചിത്രത്തിലൂടെ സംവിധായകനായി. ലാഗ ചുനരി മേം ദാഗ്, ലഫാംഗേ പരീന്ദേ, മർദാനി, ഹെലികോപ്റ്റർ ഈല എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. മികച്ച കലാസംവിധായകനും സംവിധായകനുമുള്ള ഫിലിംഫെയർ അവാർഡുകൾ, പ്രോമിസിംഗ് സംവിധായകനുള്ള സീ സിനി അവാർഡ്, മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.
നടി നീതു ചന്ദ്രയാണ് പ്രദീപ് സർക്കാരിന്റെ മരണം സോഷ്യൽ മീഡിയയിലൂടെ ആദ്യം സ്ഥിരീകരിച്ചത്. പ്രദീപ് സർക്കാർ സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് നീതു ചന്ദ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പ്രദീപ് സർക്കാരിന്റെ സംസ്കാരം ഇന്ന് മുംബൈയിലെ സാന്റക്രൂസ് ശ്മശാനത്തിൽ നടക്കും.