
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടക സന്ദർശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ (അജ്നി) നിന്ന് പൂനെയിലേക്കും ഉള്ള ട്രെയിനുകളാണ് ഇവ. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് ശേഷം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ആർ വി റോഡ് (രാഗിഗുഡ്ഡ) മുതൽ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷൻ വരെ പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്യും. ഉച്ചയ്ക്ക് 1 മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ നഗര ഗതാഗത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒരു പൊതു ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
വിശദ വിവരങ്ങൾ
7,160 കോടിയോളം രൂപ ചെലവിൽ, 19 കിലോമീറ്ററിലധികം ദൂരത്തിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ആർ വി റോഡ് (രാഗിഗുഡ്ഡ) മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ യെല്ലോ ലൈൻ തുറക്കുന്നതോടെ ബെംഗളൂരുവിലെ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല 96 കിലോമീറ്ററിലധികമായി വർദ്ധിക്കും. പ്രദേശത്തെ വലിയൊരു വിഭാഗം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 15,610 കോടിയിലധികം രൂപയുടെ ബെംഗളൂരു മെട്രോ മൂന്നാം ഘട്ടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. 44 കിലോമീറ്ററിലധികം ദൂരവും 31 എലിവേറ്റഡ് സ്റ്റേഷനുകളും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി, നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയും റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ, മേഖലകളെ ബന്ധിപ്പിക്കുകയും ചെയ്യും.
മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും ബെംഗളൂരുവിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ (അജ്നി) നിന്ന് പൂനെയിലേക്കും ഉള്ള ട്രെയിനുകളാണ് ഇവ. ഈ അതിവേഗ ട്രെയിനുകൾ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാർക്ക് ലോക നിലവാരത്തിലുള്ള യാത്രാനുഭവം നൽകുകയും ചെയ്യും.
