കോട്ടയം: ഗണപതി വിവാദത്തിൽ എൻ എസ് എസ് പ്രതിഷേധം കടുപ്പിക്കും. ഭാവി തീരുമാനങ്ങൾക്കായി എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗവും പ്രതിനിധി സഭയും നാളെ ചേരും. ഗണപതി മിത്തല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞെങ്കിലും വിവാദം തീർന്നില്ലെന്ന നിലപാടിലാണ് എൻ എസ് എസ്. സ്പീക്കർ ഷംസീർ മാപ്പു പറയണമെന്ന നിലപാടിലാണ് എൻ എസ് എസ്. നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിനേയും എൻ എസ് എസ് ഗൗരവത്തിൽ കാണുന്നു. ശിവഗിരി മഠം അടക്കം വിഷയത്തിൽ നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ തുടർ പരിപാടികൾ എൻ എസ് എസ് തീരുമാനിക്കും. നാളെ രാവിലെ 11 മണിക്കാണ് എൻ എസ് എസ് നേതൃയോഗങ്ങൾ. രണ്ടും കൽപ്പിച്ച് സുകുമാരൻ നായർ നീങ്ങുന്നുവെന്നാണ് സൂചന. സംഘപരിവാറുമായി പോലും യോജിച്ചുള്ള പ്രതിഷേധത്തിന് ആലോചനയുണ്ട്. അടിയന്തര നേതൃയോഗങ്ങൾ വിളിച്ചത് തുടർ സമരത്തിൽ തീരുമാനം എടുക്കാൻ ആണെന്നാണ് സൂചന.
മിത്ത് വിവാദത്തിൽ തിരുത്തേണ്ടത് എംവി ഗോവിന്ദനല്ല സ്പീക്കറെന്ന നിലപാടിൽ ഉറച്ച് എൻ എസ് എസ് തുടരുകയാണ്. നിയമസഭാ മാർച്ച് അടക്കം പരിഗണനയിലുണ്ട്. മിത്ത് വിവാദത്തിൽ ഷംസീർ മാപ്പു പറയുമോ എന്നതാണ് നിർണ്ണായകം. അതിന് സാധ്യത കുറവാണ്. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദ പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് എൻ എസ് എസ് കടുത്ത നിലപാട് പ്രഖ്യാപിക്കും. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമരരീതികൾ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അതേസമയം, നാമജപയാത്ര നടത്തിയതിനു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെത്തുടർന്ന് തന്നെയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം എൻ എസ് എസ് പ്രവർത്തകരെയും പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിന്റെ ഹർജിയിലെ ആവശ്യം.
നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദ്ദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ മാർഗതടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. മിത്ത് വിവാദത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മലക്കംമറിഞ്ഞത് എൻ.എസ്.എസിനു പിന്നാലെ ശിവഗിരി മഠവും പ്രതിഷേധവുമായെത്തിയതോടെയാണ്. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നാണു ഗോവിന്ദന്റെ വിശദീകരണം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശത്തിനെതിരേ എൻ.എസ്.എസ്. ശക്തമായ പ്രതിഷേധമുയർത്തിയെങ്കിലും എസ്.എൻ.ഡി.പി. യോഗം വ്യക്തമായ നിലപാടെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പിന്തുണയുണ്ടെന്ന കണക്കുകൂട്ടലിലാണു ഷംസീർ പറഞ്ഞതിൽ തെറ്റില്ലെന്നു സിപിഎം. നിലപാടെടുത്തത്. എന്നാൽ ശിവഗിരി മഠം പ്രതിഷേധവുമായി രംഗത്തുവന്നതോടെ കണക്കുകൂട്ടൽ പാളി. ഗണപതി മിത്താണോയെന്ന ചോദ്യത്തിന്, അല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു തിരുവനന്തപുരത്തെ പത്രസമ്മേളനത്തിൽ ഗോവിന്ദന്റെ പ്രതികരണം. എന്നാൽ, ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞതു വിഴുങ്ങി. പരശുരാമൻ മഴുവെറിഞ്ഞ് േകരളം സൃഷ്ടിച്ചെന്ന ഐതിഹ്യം മിത്താണെന്നാണു പറഞ്ഞതെന്ന് ഗോവിന്ദൻ ഡൽഹിയിൽ തിരുത്തി. ശിവഗിരി മഠത്തിന്റെ നിലപാടിൽ എസ്.എൻ.ഡി.പി. യോഗവും ആശങ്കയിലാണ്. വിവാദത്തിന്റെ തുടക്കത്തിൽ പ്രതികരിക്കാതിരുന്നതിനോട് സമുദായത്തിൽ കടുത്ത അമർഷമുണ്ട്.