സോൾ: ദിവസങ്ങൾക്കകം ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. കിഴക്കൻ തീരത്തേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാൻ വരെ എത്താൻ ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.
റഷ്യ-ഉക്രൈൻ യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ മിസൈൽ പരീക്ഷണവുമായി കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയും ലോകത്തെ വെല്ലുവിളിക്കുകയാണ്. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന ആയുധ പരീക്ഷണങ്ങളിൽ നിന്ന് പിൻമാറാൻ കിം തയ്യാറല്ലെന്നാണ് സൂചന. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്ങാങ്ങിലെ സുനാൻ മേഖലയിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. യഥാക്രമം 350 കിലോമീറ്ററും 250 കിലോമീറ്ററും ദൂരം ഇവ താണ്ടിയതായി ദക്ഷിണ കൊറിയ അറിയിച്ചു.
ഉത്തരകൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നും മേഖലയിലെ സ്ഥിരതയും സമാധാനവും തകർക്കുന്നുവെന്നും ദക്ഷിണ കൊറിയ പറഞ്ഞു. സംഭവത്തിൽ ജപ്പാനും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾക്ക് ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുണ്ടായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി മേഖലയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള കടലിലാണ് ഇവ പതിച്ചത്. യുഎസിലേക്ക് വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചെടുത്തതായി ഉത്തര കൊറിയ അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് പരീക്ഷണം നടന്നത്.