തിരുവനന്തപുരം: ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.
ഡൽഹിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും അതിനനുയോജ്യമായ രീതിയിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി ഇൻഡ്യയിലെ വിവിധ നഗരങ്ങളിൽ നടത്തിവരുന്ന യോഗങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്.
എൻ. ആർ. കെ ഇൻഷുറസ് കാർഡിൽ കേരളത്തിലെ വിലാസം ഉൾപ്പെടുത്തുക, വിദേശത്ത് നിയമസഹായ സെല്ലുകൾ രൂപീകരിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുക, ധനസഹായ പദ്ധതികളിലുള്ള നിബന്ധനകൾ ലഘുകരിക്കുക, കേരള ഹൗസിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങുക, പ്രവാസിവിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാൻ കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തുക, ഡൽഹിയിലെത്തുന്ന മലയാളി കൾക്ക് കേരള ഹൌസിൽ താമസസൗകര്യം ലഭ്യമാക്കുക, ഡൽഹിയിൽ അറ്റസ്റേറഷൻ സെൻറർ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രതിനിധികൾ
ഉന്നയിച്ചു.
ലോക കേരള സഭ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ ഉണ്ടാക്കാനും ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ ഡയറക്ടറി തയ്യാറാക്കാനും സാംസ്കാരിക സമുച്ചയം നിർമ്മിക്കാനും നടപടികളെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൂന്ന് മാസം കൂടുമ്പോൾ യോഗങ്ങൾ കൂടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പി. ശ്രീരാമകൃഷ്ണൻ ഉറപ്പ് നൽകി.
കേരള ഹൗസിൽ നടന്ന യോഗത്തിൽ നോർക്ക ജനറൽ മാനേജർ അജിത് കോളശ്ശേരി, കേരള ഹൗസ് കൺട്രോളർ അമീർ സി എ, ഡൽഹി എൻ.ആർ.കെ. ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ.ജെ തുടങ്ങിയവർ സംബന്ധിച്ചു.