തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ചേംബറിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ഉന്നയിച്ചു. സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും സതീശൻ ആരോപിച്ചു.
അതേസമയം ചോദ്യോത്തരവേളക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളമുണ്ടാക്കി. എന്തിനാണ് പണ്ട് കേസെടുത്തതെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോയെന്ന് സതീശൻ ചോദിച്ചു.
പ്രതിപക്ഷ നിലപാട് നിരാശാജനകമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള താൽക്കാലികമായി നിർത്തിവച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഇന്നും സഭാ ടിവി സംപ്രേഷണം ചെയ്തില്ല.