ന്യൂഡല്‍ഹി: അന്യായ വിപണന രീതികള്‍ പിന്തുടര്‍ന്നതിന് ചുമത്തിയ പിഴ സമയബന്ധിതമായി അടയ്ക്കാത്തതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ നോട്ടീസ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കോംപറ്റീഷൻ കമ്മീഷൻ ഗൂഗിളിന് 2,274 രൂപ പിഴ ചുമത്തിയത്. വിപണിയിൽ ആധിപത്യം ഉറപ്പാക്കാൻ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സിസിഐയുടെ നടപടി.
എന്നാൽ ഇതിനെതിരെ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ ട്രൈബ്യൂണൽ ഇതുവരെ കേട്ടിട്ടില്ല. ഇതിനിടെയാണ് കോംപറ്റീഷൻ കമ്മീഷൻ വീണ്ടും നോട്ടീസ് നൽകിയത്.
കഴിഞ്ഞ ഒക്ടോബർ 20, 25 തീയതികളിലാണ് കോംപറ്റീഷൻ കമ്മീഷൻ രണ്ട് കേസുകളിൽ ഗൂഗിളിന് പിഴ ചുമത്തിയത്. 60 ദിവസത്തിനകം പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കമ്പനി പിഴ അടച്ചില്ല. ഇതേതുടർന്നാണ് 30 ദിവസത്തിനകം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ തുക ഗൂഗിളില്‍നിന്ന് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന് കഴിയും. രണ്ട് കേസുകളിലും ഗൂഗിൾ അപ്പീൽ നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ കോംപറ്റീഷൻ കമ്മിഷന്റെ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തില്ലെങ്കിൽ കമ്പനി പിഴ നൽകേണ്ടി വരും.