മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാൻ ദുർബല വകുപ്പുകൾ ചുമത്താൻ ഇടപെട്ടെന്ന ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്.
പാർട്ടി ഇക്കാര്യം ചർച്ച ചെയ്തു.
കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഇത് യു.ഡി.എഫിൽ ഉന്നയിക്കേണ്ട ആവശ്യമില്ല. കേസ് ഉപേക്ഷിക്കില്ല. ആരോപണത്തെ നിയമപരമായി നേരിടും. ഇതിന് പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ ഹരീന്ദ്രന്റെ പ്രസ്താവന കളവാണെന്ന് അന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹരീന്ദ്രനുമായി ഞാൻ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. ടിപി ഹരീന്ദ്രന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.