ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികളോട് വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ക്രിമിനൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
2009 ഫെബ്രുവരി 9 ന് ചില വാർത്താ ചാനലുകൾ മുലായം സിംഗ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകൾ പുറത്ത് വിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോർട്ടുകൾ വന്നത്.
എന്നാൽ പ്രസിദ്ധീകരിച്ച രേഖകൾ വ്യാജമാണെന്നും അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സൃഷ്ടിച്ചതാണെന്നും ആരോപിച്ച് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആവശ്യപ്പെട്ടിട്ടും വാർത്താ ചാനലുകളോ മാധ്യമ പ്രവർത്തകരോ രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.