ഡല്‍ഹി: ‘ഇന്ത്യ’ സഖ്യത്തിന്റെ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം ബുധനാഴ്ച ചേരും. മണിപ്പൂർ വിഷയത്തില്‍ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കക്ഷി നേതാക്കള്‍ യോഗം ചേരുന്നത്. ബുധനാഴ്ച ലോക്സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുമുണ്ട്. എല്ലാ പാർട്ടി എംപിമാരും രാവിലെ 10.30 ന് സോണിയ ഗാന്ധിയുടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മണിപ്പൂർ അക്രമ വിഷയത്തിൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും സംസാരിക്കാൻ പ്രേരിപ്പിക്കുന്ന ഗ്രൂപ്പിന്റെ അവസാന ശ്രമത്തിന്റെ ഭാഗമായാണ് ബുധനാഴ്ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിലൂടെ പ്രതിപക്ഷം ഉദ്ദേശിക്കുന്നതെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മണി കണ്ട്രോള് റിപ്പോർട്ട് ചെയ്യുന്നു. രാവിലെ 10ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിലായിരിക്കും വിവിധ പാർട്ടികളുടെ സഭാ നേതാക്കളുടെ യോഗം ചേരുക. പാർലമെന്റിലെ അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാനെന്ന പേരിലാണ് യോഗം വിളിച്ചിരിക്കുന്നത്.
നോട്ടീസിന്റെ കരട് രൂപരേഖ തയ്യാറാക്കി, ആവശ്യമായ 50 എംപിമാരുടെ ഒപ്പ് വാങ്ങാനുള്ള നീക്കത്തിലാണ് സഖ്യം. ബുധനാഴ്ച സഭയിൽ സ്പീക്കർ നോട്ടീസ് വായിക്കണമെങ്കില്‍ രാവിലെ 10 മണിക്ക് മുമ്പ് ഗ്രൂപ്പ് നോട്ടീസ് നല്‍കേണ്ടതുണ്ട്. 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ ബുധനാഴ്ച ലോക്സഭയിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയേക്കുമെന്ന് മുന്നണിയിലെ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നാളെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജന്‍ ചൗധരി ചൊവ്വാഴ്ച എഎൻഐയോട് പറഞ്ഞു. ‘മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാൽ അവിശ്വാസ പ്രമേയത്തിന് വഴിയൊരുക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ല. മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് അദ്ദേഹം പാർലമെന്റില്‍ പ്രസ്താവന നടത്തണം’ അധീർ രഞ്ജന്‍ ചൗധരി പറഞ്ഞു. ‘പ്രധാനമന്ത്രി മോദി ഞങ്ങളുടെ ആവശ്യം നിരസിക്കുകയാണ്. ഇത് നിരുപദ്രവകരമായ ആവശ്യമാണ്. എന്നിട്ടും, പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. അതിനാലാണ് ഞങ്ങൾ അവിശ്വാസം കൊണ്ടുവരാൻ ആലോചിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിനെതിരായ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി തന്നെ ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു’ – കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു