റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിലെ ടോസിനിടെയായിരുന്നു സംഭവം. ടോസിനായുള്ള നാണയം കാണാതായത് എല്ലാവരേയും ചിരിപ്പിച്ചു.
മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജും ടോസ് തേടി മൈതാനത്ത് എത്തിയിരുന്നു. അവതാരകൻ സഞ്ജയ് മഞ്ജരേക്കർ, മാച്ച് റഫറി ജവഗൽ ശ്രീനാഥ് എന്നിവരും ടോസിനായി എത്തിയിരുന്നു. തുടർന്ന് മഞ്ജരേക്കർ ടോസ് ഇടാൻ ആവശ്യപ്പെട്ടു.
എന്നാല്‍ കൈയ്യില്‍ നാണയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ധവാനും മഹാരാജും ചിരിക്കാനാരംഭിച്ചു. അപ്പോഴാണ് ആ നാണയം ശ്രീനാഥിന്റെ പോക്കറ്റിലാണെന്ന് മനസ്സിലായത്. അമളി മനസ്സിലാക്കിയ ശ്രീനാഥ് പുഞ്ചിരിയോടെ നാണയം ധവാന് കൈമാറി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.