ഡല്‍ഹി: മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവമെന്ന് പ്രധാനമന്ത്രി. കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുവതികളെ അക്രമിസംഘം നഗ്നയായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. “മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല,” പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ പ്രതികരണം കൂടിയാണ് ഇത്. യുവതികളെ നഗ്നരായി നടത്തിച്ച ജനക്കൂട്ടം വയലുകളിലെത്തിച്ച് ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വലിയ പ്രതിഷേധം ഉയർന്ന് വരുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും ഉണ്ടാവുന്നത്.സംഭവത്തില്‍ പ്രതികരിച്ച് മറ്റ് നിരവധി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോ കണ്ടതിന് ശേഷം താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, സച്ചിൻ പൈലറ്റ്, ശിവസേന (ഉദ്ധവ്) നേതാക്കളായ ആദിത്യ താക്കറെ, പ്രിയങ്ക ചതുർവേദി, തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവരും വീഡിയോയെ ശക്തമായി അപലപിച്ചു.
മണിപ്പൂർ വിഷയത്തില്‍ പാർലമെന്റില്‍ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാർലമെന്റിന്റെ മണ്‍സൂണ്‍ സെഷന് ഇന്ന് തുടങ്ങുമ്പോള്‍ മണിപ്പൂർ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ ആവശ്യപ്പെടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ഗൗരവമേറിയതും, ഉത്തരവാദിത്തമുള്ളതുമായ ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ആവശ്യപ്പെട്ടു. ഇരുസഭകളിലും ചര്‍ച്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കി.മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ പിൻവലിക്കാൻ കേന്ദ്രം ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കണം, വിഷയം അന്വേഷണത്തിലാണ്’ എന്നും കേന്ദ്രം വ്യക്തമാക്കി.