
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ നടത്തിയ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്ന ആരോപണം ഗൗരവതരമാണ്. അതിനാല്‍ ചര്‍ച്ച നടത്തിയത് അനൗപചാരികം എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കും പാര്ട്ടിക്കുമാവില്ലെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
‘പ്രധാനമന്ത്രി ക്ഷണിച്ചതനുസരിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെ പൊതുസ്ഥലത്ത് സൗഹൃദവിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്നെ സിപിഎം സംഘിയാക്കുകയും ലോക്സഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കൊല്ലത്ത് സിപിഎമ്മും ഡിവൈഎഫ്ഐയും സമരം നടത്തി. നേതാക്കള്‍ പത്രസമ്മേളനം നടത്തി ഞാന്‍ ‘ഇന്ത്യ’ മുന്നണിയെ ഒറ്റുകൊടുത്തു എന്നാക്ഷേപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവന്‍ പ്രചാരണവും ഇതായിരുന്നു. ഞാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് പോയത്. ഇവിടെയിപ്പോള്‍ മുഖ്യമന്ത്രി അതിഥിമന്ദിരത്തില്‍ വിളിച്ചുവരുത്തി, പ്രാതലൊരുക്കി ചര്‍ച്ച നടത്തി. ഞങ്ങളുടെ പ്രശ്നം ഇതാണ്. ഞങ്ങളാരെങ്കിലും പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്താല്‍ അതെല്ലാം സംഘിവത്കരിക്കകയും ഇവര്‍ ചെയ്യുമ്പോള്‍ ജനകീയവത്കരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ? അതറിയാനുള്ള ആഗ്രഹവും താല്‍പ്പര്യവും ജനങ്ങള്‍ക്കില്ലേ?’ -പ്രേമചന്ദ്രന് ചോദിച്ചു.
‘മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര ധനമന്ത്രിയും കൂടി പങ്കെടുക്കുന്ന ചടങ്ങ് എങ്ങിനെയാണ് സ്വകാര്യമാവുന്നത്? ഔദ്യോഗിക വസതിയില്‍, ഔദ്യോഗിക ഗസ്റ്റ് ഹൗസില്‍, സര്‍ക്കാരിന്റെ പണം ചെലവഴിച്ച് ചെയ്യുന്ന പരിപാടി ഔപചാരികമാണ്. എന്തു സംസാരിച്ചു എന്നതല്ല പ്രശ്നം. കേരളത്തിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെങ്കില്‍ അതു പറയുന്നതിനെന്താണ് കുഴപ്പം? അനൗപചാരിക ചര്‍ച്ച എന്ന് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണ്? എന്താണ് അത്ര വലിയ കാര്യമുള്ളത്? അവിടെയാണ് ഈ വിഷയങ്ങള്‍ സാധൂകരിക്കപ്പെടുന്നതും ആശങ്കയുണ്ടാകുന്നതും.’ -പ്രേമചന്ദ്രന് തുടര്‍ന്നു.
‘പ്രധാനമന്ത്രിയുമായുള്ള വിരുന്നിനിടയില്‍ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം നടരാജന് എംപി പ്രധാനമന്ത്രിയുടെ മേശയ്ക്കടുത്ത് വന്ന് ഫോട്ടോയെടുത്തു. ഇതൊക്കെ റസ്റ്റോറന്റില്‍ പരസ്യമായി നടന്നതാണ്. പരസ്യമായി നടന്നത് സംഘിവത്കരണവും രഹസ്യമായി മുറിക്കുള്ളില്‍ കതകടച്ചിരുക്കുന്നത് സൗഹൃദവും വ്യക്തിപരവുമെന്ന് പറയുന്നത് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ലേ? അറിയപ്പെടുന്ന ആര്‍എസ്എസ് വക്താവും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസിനെ സിപിഎമ്മിന്റെ കൊല്ലം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ നടന്ന സെമിനാറില്‍ വിളിച്ച്, ചരിത്രത്തിലാദ്യമായി സിപിഎം വേദി ഒരുക്കിക്കൊടുത്തു. ഇവരുടെ രാഷ്ട്രീയമാറ്റമാണിത് സൂചിപ്പിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ വേദിയില്‍ ആര്‍എസ്എസ്-ബിജെപി നേതാവിന് അവസരം കൊടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീമാറ്റത്തിന്റെ സൂചനയാണ്.’
ക്ലാസിക്കല്‍ ഫാസിസവും നവഫാസിസവുമെല്ലാം ഒന്നാവുന്നു. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു എന്നതു തന്നെ അനിതര സാധാരണവും അത്യപൂര്‍വവുമായ സംഭവമാണ്. സംസ്ഥാനത്തിന്റെ ഹെഡ് മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അസാധാരണമാണ്. അതിലൊന്നും തെറ്റ് പറയുന്നില്ല. എന്താണ് ഉള്ളടക്കം എന്നു പറഞ്ഞാല്‍ മതി. ഇങ്ങിനെ ചര്‍ച്ച ചെയ്ത് കേരളത്തിന് വല്ലതും കിട്ടുമെങ്കില്‍ കിട്ടട്ടെ. അത് അനൗപചാരികമെന്ന് പറയുന്നത് നൂറു ശതമാനവും യുക്തിരഹിതമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു.
