ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിന്റെ കരാർ സോൺട കമ്പനിക്ക് നൽകിയ വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് കൗൺസിൽ യോഗം. കരാർ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബ്രഹ്മപുരത്തെ തീപിടിത്തവും വിഷപ്പുകയും തുടർന്നുണ്ടായ ചർച്ചകളുമാണ് ഞെളിയൻപറമ്പിലെ അവസ്ഥ വെളിച്ചത്തു കൊണ്ടുവന്നത്.
മാലിന്യം തരംതിരിക്കുന്നതിനും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനും കരാർ എടുത്ത സോൺട കമ്പനിയുടെ ഇതുവരെയുള്ള പ്രവർത്തനത്തിൽ സംഭവിച്ച വീഴ്ചകളാണ് ഇതോടെ പുറത്തായത്. പിന്നീടാണ് ഞെളിയൻപറമ്പിലെ 12.67 ഏക്കർ സ്ഥലം കമ്പനിക്ക് പാട്ടത്തിന് നൽകിയത് ഉൾപ്പെടെയുള്ള വിവരം പുറത്തുവന്നത്. ഇതോടെ പദ്ധതിയെക്കുറിച്ച് കോർപ്പറേഷൻ വിശദീകരിക്കണമെന്നും വിവാദ കമ്പനിയുമായുള്ള കരാറിൽ നിന്ന് കോർപ്പറേഷൻ പിൻമാറണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഞെളിയൻപറമ്പ് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പഠിച്ച ശേഷം വിശദീകരിക്കാമെന്നാണ് മേയർ പറഞ്ഞത്.