
ദില്ലി: പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധർമെന്ദ്ര പ്രധാൻ, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും. അതേസമയം, കഷ്ടിച്ചാണ് ആർ ജെ ഡിക്ക് പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയത്. ആകെയുള്ള 243 സീറ്റിന്റെ 10 ശതമാനം സീറ്റ് ഉണ്ടെങ്കിലേ പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. തെരഞ്ഞെടുപ്പിൽ ആർ ജെ ഡി 25 സീറ്റ് നേടിയതോടെ നേതൃ സ്ഥാനം ലഭിക്കും. ഒരു സീറ്റ് കുറഞ്ഞെങ്കിൽ സ്ഥിതി മാറുമായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിലെ വൻ തോൽവിയിൽ ആർജെഡി അന്വേഷണം നടത്തും. തെരഞ്ഞെുപ്പ് അട്ടിമറിയെന്ന ആക്ഷേപം ആർജെഡി ശക്തമാക്കുകയാണ്. പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയമുനയിൽ നിർത്തുമ്പോൾ തന്നെ പണം നൽകി വോട്ട് വാങ്ങിയെന്ന ആക്ഷേപമാണ് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ ഉന്നയിക്കുന്നത്. തോൽവിയെ കുറിച്ച് ആർജെഡി അന്വേഷിക്കാനൊരുന്നുമ്പോൾ തേജസ്വി യാദവിന്റെ പ്രഖ്യാപനങ്ങളൊന്നും താഴേ തട്ടിൽ ഒരു ചലനവുമുണ്ടാക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു വീട്ടിൽ ഒരു സർക്കാർ ജോലിയെന്ന പ്രഖ്യാപനം സർക്കാരിന്റെ സാമ്പത്തിക നില വച്ച് ചോദ്യം ചെയ്ത് എൻഡിഎ പൊളിച്ചു. സ്ത്രീകൾക്കായി പണം നൽകിയുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചെങ്കിൽ പതിനായിരം രൂപ അക്കൗണ്ടിലിട്ടു കൊടുത്ത് ആ നീക്കവും പരാജയപ്പെടുത്തി. നിതീഷ്കുമാർ വൃദ്ധനായെന്നും ചിത്തഭ്രമം ബാധിച്ചെന്നുമുള്ള തേജസ്വിയുടെ പരിഹാസത്തെയും ജനം തള്ളി. കഴിഞ്ഞ തവണ ഇടഞ്ഞ് നിന്ന ചിരാഗ്പാസ്വാൻ എൻഡിഎ വോട്ട് പിളർത്തിയെങ്കിൽ ഇക്കുറി അത് നടന്നില്ല. കോൺഗ്രസും ഇടത് പാർട്ടികളും തകർന്നടിഞ്ഞതും തേജസ്വിയുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തി.
നിതീഷ് കുമാറിന് പത്താം ഊഴം
74കാരനായ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദവിയിലിത് പത്താം ഊഴമാണ്. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പാറ്റ്നയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയടക്കം പങ്കെടുക്കും. നിലവിലെ സർക്കാരിന്റെ കാലാവധി 22 ന് അവസാനിക്കും. നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് ഇന്നലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയും സൂചന നൽകിയിട്ടുണ്ട്. നിലവിൽ മറ്റൊരു സാധ്യതയെ കുറിച്ചും ബിജെപിക്ക് ആലോചനയില്ല. എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭാവിയിൽ അവകാശവാദമുന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും ബിജെപി നിലനിർത്തും. അവകാശവാദത്തിനുള ശക്തി ചിരാഗ് പാസ്വാനുണ്ടെങ്കിലും തൽക്കാലം അന്തരീക്ഷം കലുഷിതമാക്കിയേക്കില്ല. സ്ത്രീവോട്ടർമാരുടെ പിന്തുണയിൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ പുതിയ സർക്കാരിന്റെ ആദ്യമന്ത്രിസഭയോഗത്തിൽ തന്നെ കൂടുതൽ വനിതക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനിടയുണ്ട്.


