
ന്യൂഡല്‍ഹി: ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമനത്തിന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയതായി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിന്‍ പട്നയിലെ ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എ ആണ്.
നിലവിലെ ദേശീയ പ്രസിഡന്റായ ജെപി നഡ്ഡയുടെ കാലാവധി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2020 ജനുവരിയിലാണ് നഡ്ഡ ദേശീയ പ്രസിഡന്റായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ നഡ്ഡ സ്ഥാനമൊഴിയുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് നിതിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.
ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവാണ് നിതിന്‍ നബിന്. പട്നയില്‍ ജനിച്ച നിതിന്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പരേതനായ നബിന് കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ്. പിതാവിന്റെ മരണശേഷമാണ് നിതിന്‍ നബിന് രാഷ്ട്രീയരംഗത്ത് സജീവമായത്.2006ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 2010, 2015, 2020, 2025 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നബിന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.


