നാഗ്പുർ: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഇന്ന് രാവിലെ 11.30 നും 12.30 നും ഇടയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഓഫീസിൽ മൂന്ന് അജ്ഞാത ഫോൺ സന്ദേശങ്ങൾ ലഭിച്ചു. ഓഫീസ് തകർക്കുമെന്നും നിതിൻ ഗഡ്കരിയെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഉള്ളയാളാണെന്ന് പറഞ്ഞായിരുന്നു സന്ദേശം.
ഉടൻ തന്നെ ഓഫീസിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിച്ചു.
ഇതേതുടർന്ന് നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും മഹാരാഷ്ട്ര പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. മകരസംക്രാന്തി ആഘോഷത്തിനായി നിതിൻ ഗഡ്കരി ഇപ്പോൾ നാഗ്പൂരിലെ വസതിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.