മലപ്പുറം: പെരിന്തൽമണ്ണയില്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. ഈ മാസം ഒൻപതിനാണ് യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
യുവാവിന്റെ ‘ഹൈയെസ്റ്റ് റിസ്ക്’ സമ്പർക്കപ്പട്ടികയിൽ 26 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവർ നിരീക്ഷണത്തിലാണ്. നിപ്പ ജാഗ്രതാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികളെടുത്തിട്ടുണ്ട്. രോഗലക്ഷണമുള്ളവരുടെ സ്രവ സാംപിൾ പരിശോധിക്കും.
രോഗം ബാധിച്ച് ഒൻപതു ദിവസത്തിനു ശേഷമാണ് രോഗലക്ഷണം പ്രകടമാകുക. അതിനാൽ യുവാവുമായി അടുത്തിടപഴകിയ 26 പേർക്കും പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട് .
മരിച്ച യുവാവ് ബെംഗളുരുവിൽ പഠിച്ചിരുന്നതുകൊണ്ട്, കർണാടക സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തു. യുവാവ് പഠിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കാൻ ഡയറക്ടർതല ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
നിപ്പ വൈറസ് ബാധയ്ക്ക് 21 ദിവസമാണ് ഇൻകുബേഷൻ പിരീയഡ്. കേരളത്തിൽ ഡബിൾ ഇൻകുബേഷൻ പിരിയഡാണ് നടപ്പാക്കുന്നത്. 42 ദിവസം ജാഗ്രത പുലർത്തണം. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് യുവാവുമായി സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്തിയത്. ഇതിന് പൊലീസ് സഹായം ലഭിച്ചതായും മന്ത്രി അറിയിച്ചു.