
മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും (എൻ.ഐ.എച്ച്.ആർ) ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷനും (ബി.ജെ.എ) ധാരണാപത്രം ഒപ്പുവെച്ചു.
എൻ.ഐ.എച്ച്.ആർ. ചെയർമാൻ അലി അഹമ്മദ് അൽ ദേരാസിയും ബി.ജെ.എ. ചെയർമാൻ ഇസ അൽ ഷൈജിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടന എന്ന നിലയിൽ ബി.ജെ.എയുടെ പങ്ക് ചൂണ്ടിക്കാട്ടി, ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ ദേരാസി പറഞ്ഞു. എൻ.ഐ.എച്ച്.ആറിൻ്റെ സഹകരണത്തെ അൽ ഷൈജി അഭിനന്ദിച്ചു. ധാരണാപത്രം രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് കൈമാറ്റം ചെയ്യുന്നതിനും ഇരു കക്ഷികളും ശ്രമിക്കുന്നതിനൊപ്പം പരസ്പര ധാരണ വർദ്ധിപ്പിക്കാനും മനുഷ്യാവകാശങ്ങളിൽ സഹകരണം വികസിപ്പിക്കാനും ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പഠനങ്ങളും തയ്യാറാക്കുന്നതിനും പ്രസക്തമായ വിദ്യാഭ്യാസ പരിപാടികളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
